ഒരു കുറ്റവാളിയെ തടവില്‍ തന്നെ പാര്‍പ്പിക്കണമെന്നും പരമാവധി കാലം സമൂഹത്തില്‍ നിന്നും അകറ്റിനിറുത്തണമെന്നും മുന്‍കാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, വ്യക്തിഗത ചികിത്സയിലൂടെ കുറ്റവാളിയെ തിരുത്തുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യുന്നതു വഴി സമൂഹത്തിന് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ കഴിയും എന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു. എന്നാല്‍, ഒരു നിശ്ചിത ഉത്തേജകാനുഭത്തോട് എല്ലാ വ്യക്തികളും ഒരേ തരത്തിലല്ല പ്രതികരിക്കുക എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. രണ്ട് വ്യക്തികള്‍ ഒരേ തരത്തിലുള്ള കുറ്റം ചെയ്തവരായിരിക്കും എന്നാല്‍ ഈ രണ്ട് പ്രവര്‍ത്തികളും അവയുടെ സാമൂഹികവും സാമ്പത്തികവും മാനസികവും പാരിസ്ഥിതികവുമായ പിരിവുകളാല്‍ വ്യത്യാസപ്പെട്ടിരിക്കും. കുറ്റവാളികള്‍ക്കായി പല നവീകൃത ചികിത്സാ പദ്ധതികളും വികസിപ്പിക്കുന്നതിലേക്ക് ഈ നവീകൃത തിരിച്ചറിവ് നയിച്ചിട്ടുണ്ട്.
കുറ്റവാളികളുടെ സാമൂഹിക പുനഃക്രമീകരണത്തിന് സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന സ്ഥാപനേതര ചികിത്സാ രീതിയാണ് പ്രൊബേഷന്‍ എന്നു പറയാം. തടവുശിക്ഷയ്ക്ക് പകരമായിട്ടാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്ന കുറ്റവാളികളുടെ തടവു പിന്‍വലിക്കുകയും ഈ കാലയളവില്‍ കുറ്റവാളിയെ പ്രൊബേഷന്‍ ഓഫീസറുടെ വ്യക്തിഗത മേല്‍നോട്ടത്തിന്‍ കീഴിലാക്കുകയും വ്യക്തിഗതമായ ചികിത്സ നല്‍കുകയും രീതിയാണ് പ്രൊബേഷന്‍.
പ്രൊബേഷന്‍ കാലത്തിന്റെ ദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. കോടതിയാണ് കാലയളവ് തീരുമാനിക്കുന്നത്. കൂടാതെ, സ്ഥാപനത്തിന് വെളിയില്‍ നിയമത്തിന്റെ അധികാരത്തിന്റെ പിന്‍ബലത്തോടെ നടത്തുന്ന വ്യക്തികള്‍ക്കുവേണ്ടിയുള്ള ആധുനിക ശാസ്ത്രീയ രോഗപഠന (modern scientific casework)മാണ് പ്രൊബേഷന്‍. വ്യക്തികളെ കുറിച്ചുള്ള സൂക്ഷമമായ പഠനവും യോഗ്യതയും പരിശീലനവും ലഭിച്ച പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ തീവ്രമേല്‍നോട്ടവും ഇതിനാവശ്യമാണ്.
കുറ്റവാളികളെ പൂര്‍ണമായും സമൂഹത്തിലേക്ക് പുനഃപ്രവേശിപ്പിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ശിക്ഷയുടെ അപമാനഭാരം പൂര്‍ണമായും കഴുകി കളയുന്നതിനും പ്രൊബേഷന്‍ ഓഫീസറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കുന്നതിനും നിയമം അയാളെ സഹായിക്കുന്നു.
ശ്രദ്ധയിലുള്ള വ്യക്തിയെ സഹായിക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ് പ്രൊബേഷന്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ട പ്രവര്‍ത്തനം. പ്രൊബേഷണറെ സുസ്ഥിരമാക്കാനും നിയമങ്ങള്‍ അനുസരിക്കുന്നവനാക്കാനും പ്രൊബേഷന്‍ ഓഫീസര്‍ സഹായിക്കുന്നു. പ്രൊബേഷന്‍ കാലയളവില്‍, കുറ്റവാളി നിയമവും നിയന്ത്രണങ്ങളും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രൊബേഷന്‍ ഓഫീസര്‍ അയാളെ നിരന്തരം ബന്ധപ്പെടുകയും വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.