മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പാക്കല്‍


മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ 10 – 15 വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കാണപ്പെടുന്നത്. കേരളത്തിന്‍റെ ജനസംഖ്യയുടെ ഏതാണ്ട് 12.6% ആണ് വയോജനങ്ങളുടെ എണ്ണമെന്ന് കണക്കാക്കപ്പെടുന്നു. ഈ എണ്ണം പ്രതിവര്‍ഷം 2.3% മായി വര്‍ദ്ധിച്ചു വരികയാണ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം നിലവില്‍ വന്നത് 2007 ലും അനുബന്ധ ചട്ടങ്ങള്‍ നിലവില്‍ വന്നത് 2009 ലുമാണ്. വയോജന സംരക്ഷണ നിയമം നടപ്പാക്കുന്നതിന് മെയിന്‍റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ളത് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെയാണ്. മെയിന്‍റനന്‍സ് കേസുകളുമായി ബന്ധപ്പെട്ട സ്വത്തു തര്‍ക്കങ്ങളും മറ്റ് പരാതികളുടെയും വര്‍ദ്ധനവ്‌ മൂലം കേരളത്തിലുടനീളം ട്രൈബ്യൂണലുകളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്ന സാഹചര്യത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലെ കേസ് നടത്തിപ്പിന് RDO മാരെ സഹായിക്കുന്നതിനായി ട്രൈബ്യൂണലുകളില്‍ ഓരോ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് ആവിഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ 27 ട്രൈബ്യൂണലുകളിലായി 27 ടെക്നിക്കല്‍ അസിസ്റ്റന്റുമാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

          കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സമയ ക്ലിപ്തത പാലിക്കുന്നതിനായി RDO കളുടെയും ജില്ലാ സാമൂഹ്യ നീതി ഓഫീസുകളുടെയും ഏകോപനം അത്യന്താപേക്ഷിതമാണ്. മെയിന്‍റനന്‍സ് കേസുകളുടെ തീര്‍പ്പാക്കല്‍ ത്വരിതപ്പെടുത്തുന്നതിനായി  ബന്ധപ്പെട്ട ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ ഫീല്‍ഡ് വിസിറ്റ് നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നതിനും മെഡിക്കല്‍ ക്യാമ്പുകള്‍, ആക്ട് സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നതും ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ മുഖേനയാണ്.പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകി വയോജന സംരക്ഷണ നിയമം സംബന്ധിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനും അത് വഴി വയോജനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതും ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ മുഖേനയാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍