സ്വാശ്രയ പദ്ധതി


തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് പരസഹായമില്ലാതെ അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിയുകയില്ല. പലപ്പോഴും ഇത്തരക്കാര്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഒരു കുടുംബത്തില്‍/വീട്ടില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ഉണ്ടെങ്കില്‍ ആ വീട്ടിലെ ഒരു മുതിര്‍ന്ന വ്യക്തി അച്ഛന്‍/അമ്മ മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാതെ അവരെ സംരക്ഷിക്കുന്നതിനും അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമായി വീട്ടില്‍ തന്നെ കഴിയേണ്ടി
വരുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഇത്തരത്തില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളിയുള്ള വ്യക്തി ഉള്ളതെങ്കില്‍ അവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ഥിതി വളരെ പരിതാപകരമാണ്. ഭാര്യയും ഭര്‍ത്താവും വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടും ജീവിതം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന BPL കുടുംബത്തില്‍ പെട്ടവരുടെ കാര്യത്തില്‍ ഒരാളുടെ വരുമാനം നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.
ചികിത്സയും മറ്റുമായി ഇത്തരത്തിലുള്ള വ്യക്തികളെ ആശുപത്രിയിലേയ്ക്കും ക്ലിനിക്കിലേയ്ക്കും കൊണ്ട് പോകുമ്പോഴും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു എന്നുമാത്രമല്ല പ്രത്യേകമായി വാഹനത്തില്‍ കൊണ്ട് പോകേണ്ടി വരുന്നു. ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പണചിലവ് ഉണ്ടാകുന്നു. ശയ്യാവലംബികളായ ഇത്തരക്കാരെ സംരക്ഷിക്കുന്നതിന് വീട്ടിലെ മറ്റൊരംഗത്തിനു 525/- രൂപ നിരക്കില്‍ ആശ്വാസകിരണം പെന്‍ഷന്‍ മാസത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തിലെ പ്രയാസങ്ങള്‍ക്ക് ഈ തുക കൊണ്ട് പൂര്‍ണ്ണ പരിഹാരമുണ്ടാക്കുന്നില്ല. ഈയൊരവസ്ഥയുടെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് സ്വന്തം മകനെ/മകളെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ട ചുമതല സ്ത്രീകളില്‍ നിക്ഷിപ്തമാവാറുണ്ട്. ഇന്നത്തെ സാമൂഹിക ചുറ്റുപാട് അനുസരിച്ച് ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഒറ്റയ്ക്ക് വീട്ടിലാക്കിയിട്ട് മറ്റൊരു ജോലിക്ക് പോകാന്‍ വിഷമിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇപ്രകാരം ദുരിതമനുഭവിക്കുന്ന വ്യക്തികളെ അവരുടെ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകന്‍/മകളുടെ സംരക്ഷണം ഉറപ്പാക്കി കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്വാശ്രയ പദ്ധതി.

അര്‍ഹാതാ മാനദണ്ഡം
. അപേക്ഷക BPL കുടുംബാംഗം ആയിരിക്കണം.
. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന 70 % -ല്‍ കൂടുതലുള്ള വ്യക്തികളുടെ മാതാവ്/രക്ഷകര്‍ത്താവിന് (സ്ത്രീകള്‍).
. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പു രോഗികളുടെ മാതാവ്/ രക്ഷകര്‍ത്താവിന്  (സ്ത്രീകള്‍) മുന്‍ഗണന നല്‍കുന്നു.
. സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ സഹിതം അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ ആഫിസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
. ആശ്വാസകിരണം പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാവുന്നതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

Application Forms Swasraya scheme for parents (single mothers) of PH/MR persons
GOs Swasraya scheme for parents (single mothers) of PH/MR persons