You are here : Home ദത്തെടുക്കല്‍

PostHeaderIcon ദത്തെടുക്കല്‍

മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീടും ലഭിക്കുന്ന അത്ഭുതകരമായ അവസരമാണ് ദത്തെടുക്കല്‍ നല്‍കുന്നത്.  ഉപേക്ഷിക്കപ്പെട്ടതും സന്തോഷം നിഷേധിക്കപ്പെട്ടതുമായ കുഞ്ഞുങ്ങള്‍ക്ക് ഒരു കുടുംബത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സ്നേഹവും സഹാനുഭൂതിയും ദത്തെടുക്കല്‍ പ്രദാനം ചെയ്യുന്നു.  പഴയകാലത്ത്, പരമ്പരാഗത കുടുംബങ്ങളില്‍ പരിമിതമായും രഹസ്യമായി ചെയ്തിരുന്നതുമായ നടപടിയായിരുന്നു ദത്തെടുക്കല്‍.  സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കുവാനും പാരമ്പര്യത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനുമായിരുന്നു പഴയ തലമുറയിലെ ദമ്പതികള്‍ കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നത്.  ദത്തെടുക്കപ്പെട്ട കുട്ടികളെ തന്ത്രങ്ങളിലൂടെ സ്വന്തം കുഞ്ഞാണെന്ന് സ്ഥാപിക്കുന്ന സംഭവങ്ങള്‍ക്ക് അക്കാലത്ത് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.  

എഴപതുകളുടെ ആദ്യം മുതല്‍ ശിശുക്ഷേമ ഏജന്‍സികള്‍ ദത്തെടുക്കല്‍ പ്രക്രിയയില്‍ പ്രൊഫഷണലായി ഇടപെടാന്‍ തുടങ്ങിയതോടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് സമൂഹത്തിനുണ്ടായിരുന്ന മനോഭാവത്തിന് മാറ്റം വന്നു.  ഇതുവഴി ദത്തെടുക്കപ്പെട്ട കുട്ടിയുടേയും സ്വന്തം മാതാപിതാക്കളുടേയും ദത്തെടുത്ത രക്ഷകര്‍ത്താക്കളുടേയും താല്‍പര്യം സംരക്ഷിക്കുന്ന നിലയില്‍ ദത്തെടുക്കല്‍ പ്രക്രിയയുടെ നിയമപരവും സാമൂഹ്യവും പ്രവര്‍ത്തനപരവുമായ തലങ്ങളില്‍ ക്രമീകരണങ്ങള്‍ക്ക് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായി.  ജീവശാസ്ത്രപരമായി തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് അറിയുന്ന നിമിഷം തന്നെ കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ ദത്തെടുക്കലിന് മുന്നോട്ട് വരികയും കുട്ടികള്‍ കുടുംബത്തിന്റെ ആധാരബിന്ദുവാകുകയും ചെയ്തപ്പോള്‍ ദത്തെടുക്കലിന്റെ നിരക്ക് ഇന്ന് ഉയര്‍ന്നിരിക്കുകയാണ്.

ദത്തെടുക്കലിനെക്കുറിച്ച് അറിയാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്.

സ്വയം അറിയുവാനുള്ള അവകാശം ന്യായവും ശരിയുമാണ്.  ദത്തെടുക്കപ്പെട്ട കുട്ടിക്ക് അവന്‍/അവള്‍ വളര്‍ന്നു വരുന്ന കുടുംബത്തിന്റെ ദത്തെടുക്കല്‍ നിലയെക്കുറിച്ച് അറിയാന്‍ അവകാശമുണ്ട്.  വാസ്തവത്തില്‍, മാതാപിതാരക്കള്‍ സ്വയം ദത്തെടുക്കലിനെപ്പറ്റി പറയുക എന്നത് ദത്തെടുക്കലിന്റെ ഒരു പ്രധാന തലമാണ്.  ഇതേക്കുറിച്ച് അറിയുമ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതിനും അതിനെ അംഗീകരിക്കുന്നതിനും കുട്ടിയെ ഇത് എളുപ്പത്തില്‍ സന്നദ്ധമാക്കുന്നു.  മൂന്നാമത്തെ വയസു മുതല്‍ ഇത് തുടങ്ങുന്നത് നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  അവ ഇങ്ങനെയായിരിക്കണം.

 • ദത്തെടുക്കലുമായി ബന്ധപ്പെട്ട കഥകള്‍
 • ഫോട്ടോ ആല്‍ബങ്ങള്‍
 • ഡയറി അല്ലെങ്കില്‍ ജീവിതപുസ്തകം
 • ദത്തെടുക്കല്‍ കുടുംബങ്ങളുടെ കൂട്ടായ്മകള്‍

ദത്തെടുക്കലിനുള്ള ചെലവുകള്‍

ഹോം സ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കല്‍, നിയമനടപടി ക്രമങ്ങള്‍, കുഞ്ഞിന്റെ സംരക്ഷണം തുടങ്ങിയവയാണ് ഇതിനുള്ള പ്രത്യേക ചെലവുകള്‍.  ദത്തെടുക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഓരോ ദത്തെടുക്കല്‍ നടക്കുമ്പോഴും അവരുടെ സേവനങ്ങള്‍ നല്‍കാറുണ്ട്.  ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ സെന്‍ട്രല്‍ അഡോപ്ഷന്‍ നിസോഴ്സ് ഏജന്‍സി (സി.എ.ആര്‍.എ)യുടേയും സുപ്രീംകോടതിയുടേയും മാര്‍ഗ്ഗരേഖകള്‍ക്കനുസൃതമായി ദത്തെടുക്കലിന് ചെലവായ മൊത്തം തുക ബന്ധപ്പെട്ട ഏജന്‍സികള്‍ ദത്തെടുത്ത രക്ഷിതാക്കളില്‍ നിന്നും ഈടാക്കും.    

കുഞ്ഞ് ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കാലയളവിനനുസരിച്ച് ഒരു ദിവസം 50 രൂപ വീതം പരമാവധി 15,000 രൂപ വരെ ദത്തെടുക്കല്‍ കേന്ദ്രത്തിന് ഈടാക്കാവുന്നതാണ്.  ഈ സംഘടന കുട്ടിയുടെ ചികിത്സക്കായി പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ഈ പണവും ഈടാക്കാം.  ഇത് 9000 രൂപ വരെ ആക്കാം.  കൂടാതെ ഫാമിലി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള യാത്രാ ചെലവിനത്തില്‍ 1000 രൂപ അധികം നല്‍കേണ്ടി വരും.  മുകളില്‍ പറഞ്ഞ തുകകള്‍ ഒഴിവാക്കി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റുകള്‍ സ്വീകരിക്കാവുന്നതാണ്.

കേരളത്തിലെ ദത്തെടുക്കല്‍ പ്രധാന സവിശേഷതകള്‍

 • കേരളത്തില്‍ പെണ്‍കുട്ടികളെ ദത്തെടുക്കുന്നതിന് ദത്തെടുക്കുന്ന രക്ഷകര്‍ത്താക്കള്‍ താല്‍പര്യപ്പെടുന്നു.
 • ആണ്‍കുട്ടികളെ ദത്തെടുക്കുന്നതിനായി അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്. കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 • ഇന്റര്‍ എ.സി.എ ബന്ധത്തിലൂടെ നടപടികള്‍ പൂത്തിയാക്കുന്നതിന് താല്‍പര്യപ്പെടുന്നു.
 • കുടുംബങ്ങള്‍ ദത്തെടുത്ത/സ്വന്തം കുട്ടികളുമായി രണ്ടാമത്തെ ദത്തെടുക്കലിനായി മുന്നോട്ട് വരുന്നു.
 • കൂടുതല്‍ അണുകുടുംബങ്ങള്‍ ദത്തെടുക്കലിനായെത്തുന്നു.
 • നിയമവിരുദ്ധമായ ദത്തെടുക്കല്‍ തടയാനുള്ള ശ്രമങ്ങള്‍
 • അംഗീകാരമില്ലാത്ത ഏജന്‍സികളെ തിരിച്ചറിയുവാന്‍ ഏജന്‍സികളില്‍ സന്ദര്‍ശനം നടത്തുന്നു.  ബോധവല്‍ക്കരണം നല്‍കി കുട്ടികളെ അംഗീകൃത ഏജന്‍സികളില്‍ എടുപ്പിക്കുന്നതിന് ശ്രമിക്കുന്നു.
 • ഇത്തരം സന്ദര്‍ശനങ്ങളിലൂടേയും പോക്കുവരവുകളിലൂടേയും ദത്തെടുക്കലിനായി കൂടുതല്‍ ശിശുക്ഷേമ ഏജന്‍സികള്‍ മുന്നോട്ടു വരുന്നു.
 • പൊതുമാധ്യമങ്ങളിലൂടെ നിയമപരമായ ദത്തെടുക്കലിനെക്കുറിച്ച് വലിയ ബോധവത്ക്കരണം നടത്തുന്നു.

ദത്തെടുക്കലിനുള്ള മാര്‍ഗ്ഗരേഖകള്‍
രാജ്യത്തിനകത്തു നിന്നുള്ള ദത്തെടുക്കല്‍
രാജ്യത്തിനു പുറമെ നിന്നുള്ള ദത്തെടുക്കല്‍

 നിയമ അവസ്ഥ

എല്ലാ മതവിഭാഗങ്ങളിലും പെടുന്നവര്‍ക്ക് ദത്തെടുക്കുന്നതിനുള്ള ഒരു ഏകീകൃതനിയമം ഇന്ത്യയില്‍ ഇല്ല.  ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ദി ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് (എച്ച്.ഓ.എം.എ.)1996 മാത്രമാണ് ദത്തെടുക്കലിന് നിലവിലുള്ള ഏക നിയമം.  ദി ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് (ജി.ഡബ്ള്യൂ.എ) 1890 ആണ് ഹിന്ദുക്കളല്ലാത്തവരുടെ കാര്യത്തില്‍ ദത്തെടുക്കലിനായി കണക്കാക്കുന്നത്.  ഈ നിയമത്തിനു കീഴില്‍ കുട്ടികളുടെ അവകാശങ്ങള്‍ സുരക്ഷിതമല്ല.  കുടുംബത്തില്‍ ജനിക്കുന്ന കുഞ്ഞിന് ലഭിക്കുന്ന അതേ പദവി കുട്ടിക്ക് ഈ നിയമം നല്‍കുന്നില്ല.  ഒരു രക്ഷകര്‍ത്തൃബന്ധം മാത്രമാണ് ഈ നിയമം നല്‍കുന്നത്.  കുട്ടിക്ക് 18 വയസാകുമ്പോള്‍ അവന് (അവള്‍ക്ക്) മാതാപിതാക്കളില്‍ നിന്ന് പുറത്ത് പോകേണ്ടി വരികയോ നേരേ മറിച്ചോ സംഭവിക്കും.  ഇത്തരം സാഹചര്യം ഗൂരുതരമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കും.

കേരളത്തില്‍ ദത്തെടുക്കല്‍ നടക്കുന്നത് ദി ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് (എച്ച്.എ.എം.എ.) 1956, ദി ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ട് (ജി.ഡബ്ള്യൂ.എ.) 1890.  ജൂവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് (2000) എന്നിവയുടെ അടിസ്ഥാനത്തിലാണ്.  കേരളത്തില്‍ ഭൂരിപക്ഷം ദത്തെടുക്കലും എച്ച്.എ.എം.എ-യിലൂടെ നടക്കുമ്പോള്‍ ജി.ഡബ്ള്യൂ.എ. വഴി രജിസ്റര്‍ ചെയ്യുന്നത്.  ജൂവനൈല്‍ ജസ്റ്റിസ് ആക്ട് - 2000ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കുട്ടികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി ശിശുക്ഷേമ സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്.  ദത്തെടുക്കല്‍ അപേക്ഷ പരിഗണിച്ച് ഇപ്പോള്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന അംഗീകൃത ഏജന്‍സികള്‍ക്ക് നിയമപരമായ ‘ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ’ നല്‍കുന്നതിനും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളും ശിശുക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്നും ദത്തെടുക്കലിനാവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കണമെന്നും ജൂവനൈല്‍ ജസ്റ്റിസ് ആക്ട് അനുശാസിക്കുന്നു.

ദത്തെടുക്കപ്പെട്ട കുഞ്ഞിന്റെ ജനന രജിസ് ട്രേഷന്‍ ഉത്തരവ്

ദി ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് 1956 (എച്ച്.എ.എം.എ.)

 • ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധര്‍, സിക്കുകാര്‍, എന്നിവര്‍ക്ക് ബാധകം
 • ഈ നിയമം അനുസരിച്ച് ഒരാള്‍ ദത്തെടുത്ത കുട്ടിക്കും, സ്വന്തം കുഞ്ഞിനും ഒരേ പദവി ലഭിക്കുന്നു.
 • എച്ച്.എ.എം.എ. യുടെ കീഴില്‍ ഒരാള്‍ക്ക് ഒരാണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും മാത്രമേ ദത്തെടുക്കാനാവൂ.  സ്വന്തമായി ഒരു ആണ്‍കുട്ടി/ദത്തെടുത്ത ആണ്‍കുട്ടി ഉണ്ടെങ്കില്‍ പിന്നീട് ദത്തെടുക്കാന്‍ അനുവദിക്കുന്നത് പെണ്‍കുട്ടിയെ മാത്രമായിരിക്കും.

ദി ആര്‍ഡിയന്‍ ആന്റ് വാര്‍ഡ്സ് ആക്ട് 1890 (ജി.ഡബ്ള്യൂ.എ.)

 • ക്രിസ്ത്യാനികള്‍, പാഴ്സികള്‍, മുസ്ളീം, ജൂത•ാര്‍ എന്നിവര്‍ക്ക് ബാധകം
 • ഈ നിയമത്തില്‍ ദത്തെടുക്കപ്പെട്ട കുട്ടിയും ദത്തെടുത്ത മാതാപിതാക്കളും തമ്മിലുള്ള ബന്ധം രക്ഷകര്‍ത്താവും രക്ഷകര്‍ത്താവിന്റെ സംരക്ഷണയിലുള്ള കുട്ടിയും തമ്മിലുള്ള ബന്ധമായിരിക്കും.
 • ദത്തെടുത്ത കുട്ടിക്കും സ്വന്തം രക്തത്തില്‍ ജനിച്ച കുട്ടിക്കും ഈ നിയമം അനുസരിച്ച് ഒരേ സ്ഥാനം ലഭിക്കില്ല.
 • മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ദത്തെടുക്കല്‍ പ്രക്രിയ ഇന്ത്യയില്‍ നടക്കുന്നത് ജി.ഡബ്ള്യൂ.എ-യുടെ കീഴിലാണ്.

ദി ജൂവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍) ആക്ട് - 2000

 • എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ബാധകമാണ്
 • ഒരേ ലിംഗത്തിലുള്ള രണ്ടു കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുന്നു
 • രക്ഷകര്‍ത്താവും രക്ഷകര്‍ത്താവിന്റെ സംരക്ഷണയിലുള്ള കുട്ടിയും എന്ന സ്ഥാനം അല്ലാതെ മാതാപിതാക്കളും കുട്ടിയും എന്ന സ്ഥാനം നല്‍കുന്നു.
 • സ്വന്തം കുഞ്ഞിനുള്ള അതേ അവകാശം ദത്തെടുത്ത കുടുംബത്തിനും നല്‍കുന്നു.

ദി ജൂവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ്) അമന്‍ഡ്മെന്റ് ആക്ട് - 2006

കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സേവനങ്ങള്‍ക്ക് അനുവദിക്കുന്ന ഏജന്‍സികള്‍

കുട്ടികളുടെ ക്ഷേമം, മികച്ച സംരക്ഷണം എന്നിവയുടെ താല്‍പര്യാര്‍ത്ഥം ഇന്ത്യാ ഗവണ്‍മെന്റ് താഴെ പറയും പ്രകാരം ഏജന്‍സികളെ അംഗീകരിച്ചിട്ടുണ്ട്.

 • ഇന്ത്യന്‍ പെയ്സ്മെന്റ് ഏജന്‍സീസ്                        -     73  (വിവിധ സംസ്ഥാനങ്ങളില്‍)
 • ഫോറിന്‍ പ്ളേയ്സ്മെന്റ് ഏജന്‍സീസ് എന്‍ലിസ്റഡ് -    254 (വിവിധ സംസ്ഥാനങ്ങളില്‍)
 • അഡോപ്ഷന്‍ കോര്‍ഡിനേറ്റിംഗ് ഏജന്‍സി ഇന്‍ ഇന്ത്യ - 13 (വിവിധ സംസ്ഥാനങ്ങളില്‍)
 • സ്ക്രൂട്ടണി ഏജന്‍സീസ്                                           -    (വിവിധ സംസ്ഥാനങ്ങളില്‍)

  ദത്തെടുക്കലിന് അംഗീകാരമുള്ള ഭാരതസര്‍ക്കാര്‍ ഏജന്‍സികളും, അതോറിറ്റികളും
 • കുട്ടികളുടേയും സ്ത്രീകളുടേയും വകുപ്പ് മന്ത്രാലയം ന്യൂഡല്‍ഹി :  ദത്തെടുക്കലുമായി ബന്ധപ്പെട്ട നയപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.
 • സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (സി.എ.ആര്‍.എ.)  ന്യൂഡല്‍ഹി : സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനം.  ദത്തെടുക്കല്‍ സംബന്ധമായ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര അതോറിറ്റിയായും നോഡല്‍ സ്ഥാപനമായും ഇത് പ്രവര്‍ത്തിക്കുന്നു.

കേരളസര്‍ക്കാര്‍

 • ദത്തെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലുള്ള നയപരമായ കാര്യങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്യുന്നു.
 • സ്റ്റേറ്റ് അഡോപ്ഷന്‍ അഡ്വൈസറി കമ്മിറ്റി (സംസ്ഥാന ദത്തെടുക്കല്‍ ഉപദേശകസമിതി) : രാജ്യത്തിനുള്ളിലുള്ള ദത്തെടുക്കല്‍ മാര്‍ഗ്ഗരീതികള്‍, നയപരമായ കാര്യങ്ങള്‍. ശിശുക്ഷേമ രീതികള്‍ എന്നിവ വിലയിരുത്തുവാനും ചര്‍ച്ച ചെയ്യുവാനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രമാനുഗതമായി യോഗങ്ങള്‍ ചേരും.

അഡോപ്ഷന്‍ സെല്‍

സ്ക്രൂട്ടണി ബോഡി, എ.സി.എ., പ്ലയിസ്മെന്റ്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  ബന്ധപ്പെട്ട ഏരിയാ ജില്ലകളിലെ ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് താഴെ പറയുന്ന ഉദ്യേഗസ്ഥരാണ്.

 • റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍
 • ഡിസ്ട്രിക്ട് പ്രൊബേഷന്‍ ഓഫീസര്‍
 • ഡിസ്ട്രിക്ട് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍

അഡോപ്ഷന്‍ കോര്‍ഡിനേറ്റിംഗ് ഏജന്‍സി(ത്തെടുക്കല്‍ ഏകോപന ഏജന്‍സി) എ.സി.എ

 • ഇന്ത്യാ ഗവണ്‍മെന്റിന്റെ ദത്തെടുക്കല്‍ മാര്‍ഗ്ഗരേഖകളും, സുപ്രീംകോടതിയുടെ വിധിന്യായത്തിന്റേയും അടിസ്ഥാനത്തില്‍ രാജ്യത്തിനുള്ളില്‍ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന/മേഖലാതലത്തില്‍ രൂപീകരിച്ച ഏജന്‍സിയാണ് എ.സി.എ.
 • കേരളത്തിലെ ദത്തെടുക്കല്‍ പ്രവര്‍ത്തനം നടത്തുന്ന അംഗീകൃത ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 1990 മുതലാണ് കേരളത്തില്‍ എ.സി.എ. പ്രവര്‍ത്തിക്കുന്നത്.
 • ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്ത്രീകളുടേയും കുട്ടികളുടേയും വികസനമന്ത്രാലയം പ്രയോജനകരമായിട്ടുള്ള ഡി.എ.ആര്‍.എ.യുടെ അംഗീകാരം എ.സി.എ.ക്ക് ഉണ്ട്.

കേരളത്തിലെ ദത്തെടുക്കല്‍ കോര്‍ഡിനേറ്റിംഗ് ഏജന്‍സികള്‍

ഹെഡ് ഓഫീസ്

ഏ.സി.എ. ഫോര്‍ അഡോപ്ഷന്‍,
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്,
കളമശ്ശേരി, കൊച്ചി - 683104

ഫോണ്‍ : 04841540727/2555564
ഫാക്സ്   : 0484 2532862
ചാപ്റ്റര്‍ ഓഫീസുകള്‍

എ.സി.എ. ഫോര്‍ അഡോപ്ഷന്‍,
ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് ശ്രീകാര്യം,
തിരുവനന്തപുരം - 17

ഫോണ്‍: 0471 2595097

എ.സി.എ. ഫോര്‍ അഡോപ്ഷന്‍
സേവാസദന്‍ ബില്‍ഡിംഗ്, അമലാപുരി
ഫോര്‍ത്ത് ഗേറ്റ്. പി.ഒ., കോഴിക്കോട്

ഫോണ്‍ : 0495 2767904

സ്ക്രൂട്ട്ണൈസിംഗ് ഏജന്‍സി

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉള്ള ദത്തെടുക്കല്‍ അപേക്ഷകള്‍ പരിശോധിക്കുന്നതിനായി ബഹു: കേരളഹൈക്കോടതി ഒരു സ്വതന്ത്ര സോഷ്യല്‍ വെല്‍ഫയര്‍ ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്.  ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍ (ഐ.സി.എസ്. ഡബ്ള്യൂ) ആണ് കേരളത്തിലെ ദത്തെടുക്കല്‍ അപേക്ഷകള്‍ പരിശോധിക്കുന്നതിനുള്ള അംഗീകൃത സംഘടന.


മേല്‍വിലാസം

ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്
രാജഗിരി പി.ഒ.,  കളമശ്ശേരി,
കൊച്ചി - 683 104

ഫോണ്‍ - 0484 2532654, 2555564

 

കേരളത്തിലെ പ്ലേസ്മെന്റ് എജൻസികളുടെ ലിസ്റ്റ്